കഠിന കഠോരമീ സിവില്‍ സര്‍വീസ് പരീക്ഷ; എന്നാലുമുണ്ട് എളുപ്പവഴികള്‍

ഇന്ത്യയിലെ സിവില്‍ സര്‍വീസസ് പരീക്ഷ ലോകത്തിലെ തന്നെ ഏറ്റവും വെല്ലുവിളി നിറഞ്ഞതും അഭിമാനകരവുമായ പരീക്ഷകളിലൊന്നാണ്. ഏറെ കഠിനമായ പരീക്ഷയാണിതെങ്കിലും അല്‍പ്പമൊന്ന് ശ്രദ്ധിച്ചാല്‍ വിജയം കൈവരിക്കാനാകുമെന്നാണ് പലരുടെയും അനുഭവം.
കഠിന കഠോരമായ സിവില്‍സര്‍വീസ് പരീക്ഷ ആദ്യശ്രമത്തില്‍ തന്നെ പാസാകാന്‍ ചില എളുപ്പ വഴികളുണ്ട്. മുന്‍കാല ജേതാക്കളില്‍ പലരും പലപ്പോഴായി വെളിപ്പെടുത്തിയിട്ടുമുണ്ട് ഈ ടെക്നിക്കുകളില്‍ പലതും. സ്ഥിരോല്‍സാഹം, അര്‍പ്പണബോധം തുടങ്ങിയ കേട്ടുപഴകിയ സ്വഭാവഗുണങ്ങള്‍ മാത്രം മതിയാകില്ല, വെല്ലുവിളികള്‍ ഏറെയുള്ള ഈ പരീക്ഷ കടന്നുകിട്ടാന്‍. അവയെക്കുറിച്ചാണ് ഇവിടെ പറയുന്നത്.

1) പരീക്ഷ പാറ്റേണ്‍ നന്നായി മനസ്സിലാക്കുക
സിവില്‍ സര്‍വീസ് പരീക്ഷയുടെ ഫോര്‍മാറ്റും ഘടനയും കൃത്യമായി മനസിലാക്കിയാല്‍ത്തന്നെ ആദ്യത്തെ കടമ്പ ഏറെക്കുറേ പൂര്‍ത്തിയായി എന്നു പറയാം. പ്രാഥമിക പരീക്ഷ, മെയിന്‍ പരീക്ഷ, അഭിമുഖം എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായാണ് പരീക്ഷ എന്ന്് അറിയാമല്ലോ. ഇതില്‍ പ്രാഥമിക പരീക്ഷ ഒബ്ജക്റ്റീവ് രീതിയിലുള്ളതും മെയിന്‍ പരീക്ഷ വിവരിച്ച് എഴുതേണ്ടതുമാണ്. ഇത്രയും കാര്യങ്ങള്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഏതൊരാള്‍ക്കും അറിയാവുന്നതാണെങ്കിലും ഈ പരീക്ഷകളിലെ ഓരോന്നിന്റെയും പരീക്ഷാ പാറ്റേണ്‍, മാര്‍ക്കിംഗ് സ്‌കീം, സമയ പരിമിതികള്‍ എന്നിവയെക്കുറിച്ച് ആഴത്തിലുള്ള ധാരണ വളരെ അത്യാവശ്യമാണ്. പരിചയസമ്പന്നരായ അധ്യാപകര്‍ നടത്തുന്ന പരിശീലനകേന്ദ്രങ്ങളില്‍ ഇതു സംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ നിങ്ങള്‍ക്ക്് ലഭിക്കും. വിദഗ്ദരാല്‍ നയിക്കുന്ന പരിശീലനകേന്ദ്രങ്ങളില്‍ ചേര്‍ന്ന് പഠിക്കുന്നതിന്റെ ഏറ്റവും വലിയ മെച്ചവും ഇതു തന്നെയാണ്. ഇതിനു പുറമെ മുന്‍വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകള്‍ പരിഹരിക്കുന്നതും മോക്ക് ടെസ്റ്റുകളില്‍ പങ്കെടുക്കുന്നതുമെല്ലാം ആത്മവിശ്വാസം വളര്‍ത്താനും ടൈം മാനേജ്മെന്റ് കഴിവുകള്‍ മെച്ചപ്പെടുത്താനുമൊക്കെ സഹായിക്കും. ആത്മവിശ്വാസവും ടൈംമാനേജ്മെന്റും സിവില്‍ സര്‍വീസ് പരീക്ഷ നേരിടുന്നതിന് ഏറ്റവും അത്യാവശ്യമായ ടൂളുകളാണ് എന്ന് നിങ്ങള്‍ക്കറിയാമല്ലോ.

2 ) സിലബസ് ശരിയായി മനസിലാക്കുക
ഏതൊരു പരീക്ഷയെയും എന്ന പോലെ സിവില്‍ സര്‍വീസ് പരീക്ഷകള്‍ക്കും സിലബസ് വളരെ പ്രധാനമാണ്. ഒരു സ്‌ക്രീനിങ് ടെസ്റ്റ് എന്ന നിലയില്‍ സിവില്‍ സര്‍വീസ് പ്രിലിംസിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനവുമാണിത്. സിലബസും പരീക്ഷയുടെ ഘടനയും ശരിയായി മനസിലാക്കിയശേഷമാണ് ശരിയായ പ്ലാനിംഗും പഠനവും പരിശീലനവും ക്രമീകരിക്കേണ്ടത്.

3) പഠനം ക്രമീകരിക്കുക
പരീക്ഷയുടെ ഘടന, സിലബസ്, തുടങ്ങിയവ ശരിയായി മനസിലാക്കിക്കഴിഞ്ഞാല്‍ നിങ്ങളുടെ പഠനത്തിന് ആവശ്യമായ ടൈംടേബിള്‍ തയ്യാറാക്കേണ്ടതുണ്ട്്. കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും പഠനത്തിനായി നീക്കി വച്ചാല്‍ മാത്രമേ സാധാരണഗതിയില്‍ സിവില്‍സര്‍വീസ് നേടിയെടുക്കാന്‍ സാധിക്കൂ. മറ്റെന്തെങ്കിലും പഠനമോ ജോലിയോ ഉള്ളവരാണെങ്കില്‍ പഠനം എങ്ങിനെ ക്രമീകരിക്കാമെന്ന് നന്നായി ആലോചിക്കുക. ആവശ്യമെങ്കില്‍ മറ്റു ജോലികളും പഠനവുമൊക്കെ മാറ്റിവെച്ച് സിവില്‍ സര്‍വീസിനായി മുഴുവന്‍ സമയവും വിനിയോഗിക്കുക. പ്രായോഗികമായ തീരുമാനങ്ങള്‍ എടുക്കുക എന്നത് തന്നെയാണ് ഈ ഘട്ടത്തിലും പ്രധാനം.

4) പ്രൊഫഷണല്‍ സഹായം തേടുക
സിവില്‍ സര്‍വീസ് പരീക്ഷകളെ സംബന്ധിച്ചിടത്തോളം തയ്യാറെടുപ്പുകളഴും പരിശീലനവും എത്രയധികമായാലും കുഴപ്പമില്ല എന്നതാണ് പലരുടെയും അനുഭവം. കഴിയുന്നത്ര പഠിക്കുകയും കഴിയുന്നത്ര തയ്യാറെടുപ്പുകള്‍ നടത്തുകയുമെല്ലാം ഇതിന് ആവശ്യമായി വരുന്ന കാര്യങ്ങളാണ്. അതു കൊണ്ടു തന്നെ കൃത്യമായ ഒരു പ്ലാനിങ്ങ് പരിശീലനത്തിനും പഠനത്തിനും ആവശ്യമാണ്. എന്നാല്‍ ഈ പ്ലാനിങ്ങ് ആരുടെയെങ്കിലും രീതികള്‍ പകര്‍ത്തുന്നതിലപ്പുറം സ്വന്തം പരിമിതികളും ലഭ്യമായ സമയവും ഒക്കെ അനുസരിച്ച് പ്രായോഗികമായ കാര്യങ്ങളുടെ അടിസ്ഥാനത്തിലാകേണ്ടതുണ്ട്. സ്വന്തം കഴിവുകളും കഴിവുകേടുകളും വെല്ലുവിളികളും ആരോഗ്യവും പ്രശ്‌നങ്ങളുമൊക്കെ വിലയിരുത്തി വേണം പഠനത്തിനായി നീക്കിവെയ്ക്കുന്ന സമയം ക്രമീകരിക്കേണ്ടത്.

5) വിഭജിച്ച് വിജയിക്കാം
പാഠഭാഗങ്ങള്‍ ചെറിയ ഭാഗങ്ങളായി തിരിച്ച്് പഠിക്കുന്നതാണ് ശരിയായ രീതി. ഓരോ ചെറിയ ഭാഗത്തിനും പ്രത്യേകം സമയക്രമവും ടാര്‍ഗറ്റുമൊക്കെ വച്ച്് അതിനനുസരിച്ച് പൂര്‍ത്തിയാക്കണം. ടൈം മാനേജ്‌മെന്റ് വളരെ പ്രധാനമാണെന്ന്് മറക്കരുത്. അതേസമയം ഓരോ പാഠഭാഗത്തിനും അനുവദിക്കുന്ന സമയം പ്രായോഗികവുമായിരിക്കണം.

6) ഓര്‍ക്കുക, ഓര്‍മ മാത്രമല്ല പ്രധാനം.
വിവിധ വിഷയങ്ങളില്‍ നിങ്ങളുടെ ഓര്‍മശക്തി പരീക്ഷിക്കലല്ല സിവില്‍ സര്‍വീസ് പരീക്ഷകളുടെ രീതി. വിഷയത്തില്‍ നിങ്ങള്‍ക്കുള്ള അറിവ് പരിശോധിക്കുന്നതാണ് പരീക്ഷയുടെ പൊതുവായ രീതി എന്നത്് മുന്‍കാല ചോദ്യപ്പേപ്പറുകളിലൂടെ കണ്ണോടിച്ചാല്‍ മനസിലാകും. ഒരൊറ്റ ചോദ്യത്തിന് ഉത്തരമെഴുതണമെങ്കില്‍ പോലും ആ ചോദ്യവുമായി ബന്ധപ്പെട്ട വിഷയത്തിലെ ഒന്നിലേറെ കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. പരന്നതും ആഴമേറിയതുമായ വായനയിലൂടെ മാത്രമേ ഇത്തരം ചോദ്യങ്ങളെ നേരിടാന്‍ സാധിക്കൂ.
ഓര്‍മശക്തിക്ക് പ്രാധാന്യമില്ല എന്നല്ല, ഓര്‍മയേക്കാള്‍ അറിവിന് പ്രാധാന്യം നല്‍കിക്കൊണ്ടാണ് ചോദ്യങ്ങള്‍ തയ്യാറാക്കുന്നത്. എന്നാല്‍ പരിമിതമായ സമയത്തിനുള്ളില്‍ ഇത്തരത്തിലുള്ള പരന്ന വായനയൊന്നും പലര്‍ക്കും സാധിക്കാറില്ല. വിദഗ്ദരായ പരിശീലകര്‍ നേതൃത്വം നല്‍കുന്ന പരിശീലനക്ലാസുകളില്‍ ചേര്‍ന്ന് പഠിക്കുന്നതിലൂടെ ഈ പ്രശ്‌നം ഒരു പരിധിവരെ പരിഹരിക്കാനാവും.

7) പ്രാധാന്യം തിരിച്ചറിഞ്ഞ് പഠിക്കുക
പലവിഷയങ്ങളിലയെും പ്രാധാന്യമേറിയ ഘടകങ്ങള്‍ എന്തെല്ലാമെന്ന്് തിരിച്ചറിയേണ്ടത് പരീക്ഷാര്‍ത്ഥികളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. എങ്ങിനെയാണ് ഇത്തരത്തില്‍ പ്രാധാന്യമേറിയ പോയന്റുകള്‍ തിരഞ്ഞെടുക്കുന്നത് ? ഇതിന് രണ്ട് മാര്‍ഗങ്ങളുണ്ട്. ഒന്നാമത്തേത്, വിഷയത്തെക്കുറിച്ചുള്ള സമഗ്രമായ അറിവ് നേടുക എന്നതാണ്. ഇതിലൂടെ വിവിധ ഘടകങ്ങള്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ചും അവയുടെ പ്രാധാന്യവുമൊക്കെ നന്നായി മനസ്സിലാക്കാന്‍ സാധിക്കും. രണ്ടാമത്തെ മാര്‍ഗം, വിദഗ്ദരും പരിചയസമ്പന്നരുമായ പരിശീലകരുടെ സഹായം തേടുക എന്നതാണ്. നിങ്ങളുടെ മുന്നില്‍ പരിമിതമായ സമയവും റിസോഴ്‌സുകളുമാണ് ഉള്ളതെങ്കില്‍ ഈ മാര്‍ഗമാണ് ഏറ്റവും പ്രായോഗികം.